കൊച്ചി: വിവാഹബന്ധം പൂർണമായി പരാജയപ്പെട്ടാലും പങ്കാളിക്ക് വിവാഹ മോചനം അനുവദിച്ചു നൽകാത്തതത് ക്രൂരതയെന്ന് ഹൈക്കോടതി . തൃശൂർ സ്വദേശിയായ 60കാരൻ നൽകിയ അപ്പീൽ അനുവദിച്ചു കൊണ്ട് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.വിവാഹമോചന ഹർജി ഇരിങ്ങാലക്കുട കുടുംബക്കോടതി തള്ളിയതിനെ തുടർന്ന് അറുപത്കാരനായ ഭർത്താവ് നൽകിയ അപ്പീലാണ് ഹൈക്കോടതി അനുവദിച്ചത്. വിവാഹ മോചനത്തിനായി പത്തു വർഷത്തിലേറെയാണ് തൃശൂർ സ്വദേശി കോടതി കയറിയത്. അദ്ദേഹത്തിന് പ്രായം 60 കഴിഞ്ഞു.
വിവാഹ ജീവിതത്തിൽ നിരന്തരം കലഹിക്കുന്നതും പരസ്പരം ബഹുമാനമില്ലാത്തതും അകൽച്ച കാണിക്കുന്നതും അനുരഞ്ജനം അസാധ്യമാക്കുന്ന ഘടകങ്ങളാണെന്നു കോടതി പറഞ്ഞു.
2002 ലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിദേശത്തു ജോലി ചെയ്തിരുന്ന ഇദ്ദേഹം തിരികെ നാട്ടിലെത്തി സ്ഥിരതാമസമാക്കി. തന്റെ പണത്തിൽ മാത്രമാണു ഭാര്യയ്ക്കു താൽപര്യമെന്നും അവർക്കു മറ്റൊരു ബന്ധമുണ്ടെന്നും വീടു പണിയാൻ വിദേശത്തു നിന്നു താൻ അയച്ച പണം പോലും പാഴാക്കിയെന്നും ഭർത്താവ് ആരോപിച്ചു. ഭാര്യ തന്നോടു കാണിക്കുന്ന അവഗണനയും നിസ്സംഗതയും ക്രൂരതയാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
2011ലാണ് അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചത്. കേസിൽ ഒരു ദശാബ്ദത്തിലേറെ ചെലവിട്ടതായി കോടതി ചൂണ്ടിക്കാട്ടി. ഒരു വീട്ടിൽ കഴിഞ്ഞിട്ടും ദമ്പതികൾക്ക് ഒത്തൊരുമിച്ചു പോകാനോ ജീവിതത്തിന്റെ താളം കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.
കക്ഷികളുടെ ഒന്നിച്ചുള്ള ജീവിതം ഉറപ്പാക്കാനുള്ള കാരണങ്ങളൊന്നും ഈ കേസിൽ നിലവിലില്ലെന്നു വിലയിരുത്തിയ കോടതി വിവാഹമോചനം അനുവദിച്ചു. ഹർജിക്കാരൻ ഭാര്യയ്ക്ക് സ്ഥിരം ജീവനാംശം എന്ന നിലയ്ക്ക് 10 ലക്ഷം രൂപയും 10 സെന്റ് ഭൂമിയും നൽകണമെന്നും നിർദേശിച്ചു.